ബെയ്റൂട്ട്: വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കകം തെക്കൻ ലബനൻ അതിർത്തിയിലെ 6 സ്ഥലങ്ങളിൽ ജനങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണർക്കൊപ്പം വാഹനങ്ങളിൽ ഹിസ്ബുല്ല സംഘവും എത്തിയെന്നാരോപിച്ചാണ് ഇന്നലെ രാവിലെ വെടിയുതിർത്തത്. 2 പേർക്കു പരുക്കേറ്റു. ഇവിടങ്ങളിൽ കർഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേൽ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടൻ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നൽകി. മർകബ, വസാനി, കഫർചൗബ, ഖിയം, ടയ്ബി, മർജയൂൻ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലങ്ങൾ ഇസ്രയേൽ–ലബനൻ അതിർത്തിയിൽ ബഫർസോണായ 2 കിലോമീറ്റർ പരിധിക്ക് അകത്താണ്. ഇവിടെ ഹിസ്ബുല്ലയുടെയോ ഇസ്രയേലിന്റെയോ സൈനികസാന്നിധ്യം പാടില്ലെന്നാണു കരാർ. പകരം യുഎൻ സമാധാന സേനയും ലബനൻ സേനയും കാവൽ നിൽക്കണം.